കൊച്ചി ചെങ്കടലാകും: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളത്ത് സിപിഎം സംസ്ഥാന സമ്മേളനം എത്തുന്നത്. ഇന്നലെ കൊച്ചിയിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങൾ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും.
മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി 50 നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഇടതുപക്ഷം ഭരണത്തുടർച്ച നേടിയതിന്റെ ആവേശത്തിലാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞിരുന്നു.