ഇന്നത്തെ കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്; തിരുവനന്തപുരം രണ്ടാം സ്ഥാനത്ത്
കൊവിഡ് വ്യാപനത്തിൽ മലപ്പുറം ജില്ലയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ. രണ്ട് മാസത്തിനിടെ ഇതാദ്യമായി മലപ്പുറം ജില്ല ദിനംപ്രതിയുടെ കൊവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് 255 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഞ്ച് ജില്ലകളിൽ ഇന്ന് രോഗികളുടെ എണ്ണം നൂറ് കടന്നു. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101 എന്നിങ്ങനെയാണ് കേസുകൾ. തിരുവനന്തപുരത്തെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ 288 പോസിറ്റീവ് കേസുകൾ കണ്ടെത്തി. 2800 പരിശോധനയാണ് നടത്തിയത്.
നെയ്യാറ്റിൻകര, കള്ളിക്കാട്, വെള്ളറട ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം റൂറലിൽ ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി.
കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ, സിറ്റി, പാലക്കാട്, വയനാട്, തൃശ്ശൂർ സിറ്റി, എറണാകുളം എന്നിവിടങ്ങളിൽ ആരോഗ്യ പ്രോട്ടോക്കോൾ തൃപ്തികരമാണ്. തീരദേശത്തെ പ്രശ്‌നപരിഹാരത്തിനും ഏകോപനത്തിനും ഐജി ശ്രീജിത്തിന് ചുമതല നൽകി.
ആലപ്പുഴയിൽ പുതിയ ക്ലസ്റ്റർ രൂപപ്പെട്ടു. എറണാകുളം ജില്ലയിൽ ഫോർട്ട് കൊച്ചിയിലാണ് രോഗവ്യാപനം കൂടുതൽ. ആലുവ ക്ലസ്റ്ററിൽ രോഗവ്യാപനം കുറയുകയാണ്. മലപ്പുറം ജില്ലയിൽ കൊവിഡ് കേസുകൾ കൂടുന്നു. കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിലും രോഗവ്യാപനം കൂടുതലാണ്.