മൂന്നാറില്‍ 2 നിലയില്‍ കൂടുതലുള്ള കെട്ടിട നിര്‍മാണത്തിന് വിലക്ക്; ഹൈക്കോടതി
മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണവുമായി ഹൈക്കോടതി. രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്നത് വരേയാണ് ഇടക്കാല ഉത്തരവ്.
ഇതോടെ രണ്ടാഴ്‌ത്തേക്ക്, മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കുണ്ടാവും. മൂന്നാറിലെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ അമിസ്‌ക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു.
നേരത്തെ, മൂന്നാറിലെ പരിസ്ഥിതി- കെട്ടിട നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. ഇതില്‍ ചീഫ് ജസ്റ്റിസ് ഇടപെട്ട്, മൂന്നാറിലെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബെഞ്ച് രൂപീകരിച്ചിരുന്നു. വയനാട് പോലുള്ള പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങള്‍ എന്തുകൊണ്ട് മൂന്നാറില്‍ നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു.