കാസർകോട്ടെ ഓക്‌സിജൻ പ്രതിസന്ധി; അഹമ്മദാബാദിൽ നിന്നും ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കുന്നു; പരിഭ്രാന്തരാകരുതെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ
കാസർകോട്: കാസർകോട്ടെ ഓക്‌സിജൻ പ്രതിസന്ധിക്ക് കാരണം മംഗളൂരുവിൽ നിന്നുള്ള വിതരണം നിലച്ചതാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും അഹമ്മദാബാദിൽ നിന്ന് ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സിജൻ ചലഞ്ചിലൂടെ 160 ഓളം ഓക്‌സിജൻ സിലിണ്ടർ കിട്ടി. ഓക്‌സിജൻ ദൗർലഭ്യം അതാത് സമയങ്ങളിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൃത്യമായി അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്‌സിജൻ എത്തിക്കാനായി. ഇത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴുള്ള ഓക്‌സിജൻ സിലിണ്ടർ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോൾ കുറവാണ്. സിലിണ്ടറിന്റെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയർന്ന നിരക്കിലാണ്. ജില്ലയിലെ 13 ലക്ഷം ജനസംഖ്യയിൽ മൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.