നേമത്തെ സ്ഥാനാർഥിയെ കാത്തിരുന്ന് കാണൂവെന്ന് ഉമ്മൻ ചാണ്ടി; ഹരിപ്പാട് അമ്മയെ പോലെയെന്ന് ചെന്നിത്തല
നേമത്ത് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ആരാണെന്ന് കാത്തിരുന്നു കാണൂവെന്ന് ഉമ്മൻ ചാണ്ടി. സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ ഹരിപ്പാടാണ് മത്സരിക്കുന്നത്. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണ്. ജനങ്ങൾ അത്രമാത്രം എന്നെ സ്‌നേഹിക്കുന്നതിനാൽ ഹരിപ്പാട് വിട്ടു പോകാൻ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സ്ഥാനാർഥി നിർണയത്തിൽ ഒരു തർക്കവുമില്ല. സമയം ഇഷ്ടം പോലെയുണ്ടല്ലോയെന്നും ചെന്നിത്തല പറഞ്ഞു
അതേസമയം തർക്ക മണ്ഡലങ്ങളിലെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനായാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കേരളത്തിലേക്ക് മടങ്ങിയതെന്നാണ് സൂചന. തർക്ക മണ്ഡലങ്ങളിലെ നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. അതിൽ 81 സീറ്റുകളിലെ സ്ഥാനാർഥികളെ തീരുമാനിച്ചു. പത്ത് സീറ്റുകളിലാണ് തർക്കം നിലനിൽക്കുന്നത്.