തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; എ ടി എമ്മുകൾ കാലിയാകുമോയെന്നും ആശങ്ക
രാജ്യത്തെ ബാങ്കുകൾ ഇന്ന് മുതൽ തുടർച്ചയായ നാല് ദിവസം പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ അവധിയും രണ്ട് ദിവസത്തെ പണിമുടക്കും കാരണമാണിത്. 13ന് രണ്ടാം ശനിയാഴ്ചയും 14ന് ഞായറാഴ്ചയും 15, 16 തീയതികളിൽ ബാങ്കിംഗ് മേഖലയിൽ രാജ്യവ്യാപക പണിമുടക്കുമാണ്
പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് രണ്ട് ദിവസത്തെ പണിമുടക്ക്. ജീവനക്കാരുടെ എല്ലാ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക കൈമാറ്റങ്ങളെ സാരമായി ബാധിച്ചേക്കാം. എ ടി എമ്മുകളിൽ പണം തീർന്നുപോകാനുള്ള സാധ്യതയും ഏറെയാണ്.
അതേസമയം എടിഎമ്മിൽ പണം തീരുന്ന സ്ഥിതിയുണ്ടാകില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ശാഖകളിൽ നിന്ന് അകലെയുള്ള ഓഫ് സൈറ്റ് എടിഎമ്മുകളിൽ പണം നിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അതേസമയം ബാങ്കുകളോട് ചേർന്നുള്ള എടിഎമ്മുകളിൽ പൈസയുടെ ഷോർട്ടേജ് അനുഭവപ്പെട്ടേക്കാം.