തമിഴ്‌നാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; പൊതുഗതാഗതം അടക്കം പ്രവർത്തിക്കില്ല
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 31 അർധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകൾ തമ്മിലുള്ള അതിർത്തികൾ അടച്ചിടും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തുറക്കും
അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസ്സമുണ്ടാകില്ല. മാർച്ച് 31ന് ശേഷം നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തിൽ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും സർക്കാർ അറിയിച്ചു
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ശേഷം സംസ്ഥാനത്ത് എവിടെയും അഞ്ച് പേരില് കൂടുതൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല. ഇത് ലംഘിച്ചാല്‍ നടപടിയെടുക്കും. ബസുകൾ, ക്യാബുകൾ, ടാക്‌സി സർവീസ്, ഓട്ടോ റിക്ഷ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങൾ നാളെ വൈകിട്ടോടെ അവസാനിപ്പിക്കും. സർക്കാരോഫീസുകളും പ്രവർത്തിക്കില്ല. സ്വകാര്യ മേഖലയിൽ ആശുപത്രി മാത്രമാകും പ്രവർത്തിക്കുക
നിലവിൽ ഒമ്പത് കൊറോണ വൈറസ് ബാധിതരമാണ് തമിഴ്‌നാട്ടിലുള്ളത്. ചെന്നൈ, ഈറോഡ്, കാഞ്ചിപുരം, തിരുനെൽവേലി, കോയമ്പത്തൂർ ജില്ലകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുതുച്ചേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്