Sunday, January 5, 2025
Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

സിനിമാതാരം ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വ്യാജരേഖ ഹാജരാക്കി ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടിയെന്നാണ് ഉണ്ണി മുകുന്ദനും അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനും എതിരായ ആക്ഷേപം. സംഭവത്തിൽ അഭിഭാഷകൻ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിൽ വിശദീകരണം നൽകാൻ നടൻ ഉണ്ണി മുകുന്ദനോടും നിർദ്ദേശമുണ്ട്. രേഖകൾ വ്യാജമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ 2021ൽ ഉണ്ണി മുകുന്ദന് അനുകൂലമായി നൽകിയ ഉത്തരവ് കോടതി തിരുത്തിയിരുന്നു.

കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന സൈബി ജോസ് നൽകിയ രേഖ വ്യാജമെന്നാണ് കണ്ടെത്തൽ. താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് സ്റ്റേ നീക്കിയത്. ഇടപ്പള്ളിയിലെ വീട്ടിൽ സിനിമയുടെ കഥ പറയാൻ എത്തിയ തന്നെ ഉണ്ണി മുകുന്ദൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

എന്നാൽ തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസിൽ കുടുക്കാതിരിക്കാൻ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *