പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി; താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി
പീഡനശ്രമ ക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കി. അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. സൈബി ജോസ് ഇന്ന് കോടതിയിൽ ഹാജരായില്ല. പകരം ഹാജരായത് ജൂനിയർ അഭിഭാഷകയാണ്.
വിഷയം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നും ഹൈക്കോടതി പറഞ്ഞു.
വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായെന്നും പരാമർശമുണ്ട്. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നടന് നിർദേശം നൽകിയിരിക്കുകയാണ്.
കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന സൈബി ജോസ് നൽകിയ രേഖ വ്യാജമെന്നാണ് കണ്ടെത്തൽ. താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് സ്റ്റേ നീക്കിയത്. ഇടപ്പള്ളിയിലെ വീട്ടിൽ സിനിമയുടെ കഥ പറയാൻ എത്തിയ തന്നെ ഉണ്ണി മുകുന്ദൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
എന്നാൽ തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസിൽ കുടുക്കാതിരിക്കാൻ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്.