Sunday, January 5, 2025
Gulf

ഉപരോധത്തിന്‍റെ നാളുകള്‍ അവസാനിച്ചു; സൗദിയിലെത്തിയ ഖത്തരികൾക്ക് ഊഷ്മള സ്വീകരണം

ദമാം: മൂന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം സൽവ അതിർത്തി പോസ്റ്റ് വഴി ആദ്യമായി സൗദിയിൽ പ്രവേശിച്ച ഖത്തരികൾക്ക് ഊഷ്മള സ്വീകരണം. അതിർത്തി പോസ്റ്റിൽ വെച്ച് പൂച്ചെണ്ടുകൾ നൽകി അധികൃതർ ഇവരെ സ്വീകരിച്ചു.

സൗദി സന്ദർശിക്കാൻ സാധിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് ആദ്യമായി സൗദിയിൽ പ്രവേശിച്ച ഖത്തരി പൗരൻ അബ്ദുല്ല മുഹമ്മദ് ബിൻ ദഹ്‌റൂജ് പറഞ്ഞു. അതിർത്തി പോസ്റ്റിലെ നടപടിക്രമങ്ങൾ എളുപ്പവും മനസ്സിനെ കുളിരണിയിപ്പിക്കുന്നതുമായിരുന്നു. അതിർത്തി പോസ്റ്റിലെ മുഴുവൻ ഉദ്യോഗസ്ഥരും വലിയ തോതിൽ സഹകരിക്കുകയും സ്വാഗതമോതുകയും ചെയ്തു.

സൽവ അതിർത്തി പോസ്റ്റിലെ നടപടിക്രമങ്ങൾ എളുപ്പമാണെന്നും ഖത്തരികൾ സൗദിയിൽ പ്രവേശിക്കുന്നതിൽ സൗദി പൗരന്മാർ ആഹ്ലാദവാന്മാരാണെന്നും സ്വന്തം രാജ്യത്തെ പൗരന്മാരോട് അബ്ദുല്ല മുഹമ്മദ് ബിൻ ദഹ്‌റൂജ് പറഞ്ഞു. അൽഉല ഉച്ചകോടിക്കെത്തിയ ഖത്തർ അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഹൃദ്യമായി സ്വീകരിച്ചത് ഏറെ ആഹ്ലാദം പകർന്ന കാഴ്ചയായിരുന്നു.

സൗദിയിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനകം നടത്തിയ പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന് വ്യവസ്ഥയുണ്ട്. മറ്റു മുൻകരുതൽ നടപടികളും പാലക്കണമെന്ന് നിർദേശമുണ്ടെന്ന് അബ്ദുല്ല മുഹമ്മദ് ബിൻ ദഹ്‌റൂജ് പറഞ്ഞു. സൽവ അതിർത്തി പോസ്റ്റ് വഴി രാജ്യത്ത് പ്രവേശിച്ച ഖത്തരികളെ അതിർത്തി പോസ്റ്റിനു സമീപം വെച്ച് സൗദി പൗരന്മാരും ഊഷ്മളായി സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *