ഗണേഷ്‌കുമാർ ഓഫീസ് സന്ദർശിക്കണം; കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താം; രഞ്ജിത്ത്
കെ ബി ഗണേഷ് കുമാറിനെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത് രംഗത്തെത്തി. ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് രഞ്ജിത്ത് പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രഞ്ജിത്തിന്‍റെ മറുപടി.
മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട്. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു. ഐഎഫ്എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധപ്പതിച്ചെന്നായിരുന്നു ഗണേഷിന്‍റെ വിമര്‍ശനം. ഇന്നലെ നിയമസഭ പുസ്തക മേളയിലെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മുന്‍ സിനിമാ മന്ത്രി കൂടിയായ ഗണേഷ് കുമാര്‍ ചലച്ചിത്ര അക്കാദമിയെ രൂക്ഷമായി വിമര്‍ശിച്ചത്.
ഫെസ്റ്റിവല്‍ നടത്താനും ഫിലിം അവാര്‍ഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നായിരുന്നു പരാമര്‍ശം. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം.അടുത്ത തലമുറക്ക് സിനിമയെ പഠിക്കാനും റിസര്‍ച്ച് ചെയ്യാനുമുള്ള സെന്ററായി നിലനില്‍കണമെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.