Thursday, October 17, 2024
Kerala

അനധികൃത ബാനറുകളും കൊടികളും വെയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്.എച്ച്.ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദ്ദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.

പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍, ഹോള്‍ഡിങുകള്‍ മുതലായവ അടിയന്തിരമായി എടുത്തുമാറ്റാൻ ഹൈക്കോടതി നേരത്തേ തന്നെ ഉത്തരവിട്ടിട്ടുള്ളതാണ്. അല്ലാത്തപക്ഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് ഫലപ്രദമായി നടപ്പാക്കാനാകാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ.

തദ്ദേശ സെക്രട്ടറിമാരോ എസ്.എച്ച്.ഒമാരോ ഈ ഉത്തരവ് നടപ്പാക്കാതിരുന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് കോടതി നൽകുന്നത്. അനധികൃത ബാനറുകളും കൊടികളും വെയ്ക്കുന്നത് തടയാൻ പ്രാദേശിക സമിതികള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

രണ്ടാഴ്ചയിലൊരിക്കല്‍ പ്രാദേശിക കമ്മിറ്റികള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നായിരുന്നു കോടതി പറഞ്ഞത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് സമിതിയുടെ ചുമതല നൽകിയിരുന്നത്. കൊച്ചി ഉൾപ്പടെയുള്ള പല സ്ഥലങ്ങളിലും ഇത് പ്രകാരം പ്രാദേശിക സമിതികള്‍ രൂപീകരിച്ചിരുന്നു.

Leave a Reply

Your email address will not be published.