എയർ ഇന്ത്യ വിമാനത്തിൽ മൂത്രമൊഴിച്ചത് ഞാനല്ല, പരാതിക്കാരിയാണ്: വാദവുമായി പ്രതി ശങ്കർ മിശ്ര
എയർ ഇന്ത്യ വിമാനത്തിലെ അതിക്രമത്തിൽ കുറ്റം നിഷേധിച്ച് പ്രതി ശങ്കർ മിശ്ര. പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ശങ്കർ മിശ്ര കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കുന്ന ഡൽഹി കോടതിയിലാണ് ശങ്കർ മിശ്ര വിചിത്രമായ ഈ വാദം ഉയർത്തിയത്. പരാതി നൽകിയ പ്രായമുള്ള സ്ത്രീയുടെ സീറ്റിൽ മൂത്രമൊഴിച്ചത് താനല്ലെന്നും, അവർ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് ശങ്കർ മിശ്രയുടെ പുതിയ വാദം.
ശങ്കർ മിശ്ര സമർപ്പിച്ച ജാമ്യ ഹർജി കഴിഞ്ഞ ദിവസം മെട്രൊപൊളീറ്റൻ മജിസ്ട്രേറ്റ് കോമൾ ഗാർഗ് തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മിശ്രയ്ക്ക് ജാമ്യം നൽകുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.
മിശ്രയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച ഹർജിയിൽ സെഷൻസ് കോടതി മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ശങ്കർ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള മെട്രൊപ്പൊളീറ്റൻ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച ഹർജി അഡീഷനൽ സെഷൻസ് ജഡ്ജി ഹർജ്യോത് സിങ് ഭല്ലയാണ് പരിഗണിക്കുന്നത്.