Sunday, April 13, 2025
Kerala

ഉത്തരവ് നടപ്പാക്കാത്തത് ഭരണപരാജയം; റോഡരികിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

പാതയോരങ്ങളില്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യാത്തതിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് വിഷയത്തില്‍ ഉത്തരവിറങ്ങിയിട്ടും സര്‍ക്കാര്‍ അത് നടപ്പിലാക്കാത്തത് ഭരണപരാജയമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഹുങ്ക് ആണ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലൂടെ പുറത്തുവരുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യമല്ലാതെ മറ്റൊരു അജണ്ടയും കോടതിക്ക് മുന്നിലില്ല. ഫ്‌ളക്‌സ് ബോര്‍ഡ് വിഷയത്തില്‍ കോടതി ഇടപെടുമ്പോള്‍ ജഡ്ജിയെ തന്നെ വിമര്‍ശിക്കുന്ന സാഹചര്യമാണുള്ളത്. പേരു വയ്ക്കാതെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടിച്ചുനല്‍കിയ ഏജന്‍സിക്കെതിരെയും നടപടി സ്വീകരിക്കണം. ഹൈക്കോടതി പലതും കാണുന്നില്ലെന്ന വിമര്‍ശനം പൊതുജനങ്ങള്‍ക്കിടയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടി ഏതായാലും കര്‍ശനമായി ഇടപെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *