നടുറോഡിൽ വീണ്ടും അതിക്രമം: ബലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു
തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ അതിക്രമം. ഓവർടേക് ചെയ്യുന്നതിനിടെ വാഹനം തട്ടിയതിന് ചില്ലടിച്ചു തകർത്തു. ബാലരാമപുരം ജംഗ്ഷനില്‍ ആണ് എട്ട് വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം സഞ്ചരിച്ച കാര്‍ അടിച്ച് തകർത്തത്.
കോട്ടയം സ്വദേശിയായ ജോർജും കുടുംബവും സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറിൽ ജോർജും ഭാര്യയും മൂന്ന് മക്കളുമാണ് ഉണ്ടായിരുന്നത്. ബലരാമപുരത്ത് കൈത്തറി ഉത്പതന്നങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തൊട്ട് മുന്നില്‍ പോയ കാറിന്‍റെ പുറകില്‍ തട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
ശ്രീകാര്യം സ്വദേശിയായ അജിത്കുമാര്‍ ആണ് മുൻപിലെ കാറിലുണ്ടായിരുന്നതും കാർ അടിച്ചു തകർത്തതും. മറ്റു പ്രകോപനങ്ങൾ ഒന്നുമില്ലാതെ തന്നെ അജിത് കുമാര്‍ ജോർജും കുടുംബവും സഞ്ചരിച്ച കാര്‍ നടുറോഡിൽ വച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ജോര്‍ജിൻ്റെ പരാതിയിൽ ബലരാമപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.