ഇന്നും മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതുച്ചേരിയുടെ വടക്കന്‍ തീരത്തോട് ചേര്‍ന്നുള്ള ശക്തി കൂടിയ ന്യൂനമര്‍ദം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴിയായി പ്രവേശിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.