Thursday, January 23, 2025
Kerala

വിഴിഞ്ഞം തുറമുഖം: പൊലീസ് സുരക്ഷ കർശനമായി നടപ്പാക്കണം, പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല  ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനും പോലീസിനും നിർദേശം നൽകി.

അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിലും സർക്കാരിനും സമരക്കാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. റോഡിലെ തടസങ്ങൾ അടക്കം നീക്കം ചെയ്യണമെന്ന് നേരത്തെ നിർദേശിച്ചിരുന്നതാണ്. പോലീസിന് കഴിയില്ലെങ്കിൽ കേന്ദ്രസേനയെ ആവശ്യപ്പെടാനും കൃത്യമായി പറഞ്ഞിരുന്നല്ലോയെന്ന് കോടതി പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമോ, സമരമോ കോടതിയുടെ  പരിഗണനയിലുള്ളതല്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്നതാണ് കോടതിയുടെ പരിഗണനാവിഷയമെന്ന് പറഞ്ഞ ഹൈക്കോടതി അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികൾ ബുധനാഴ്ച്ചത്തേക്ക് മാറ്റി.

സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയിൽ കടുത്ത അനിശ്ചിതത്വമാണ് ഇപ്പോഴുള്ളത്. പദ്ധതിക്കെതിരായ ലത്തീൻ അതിരൂപതയുടെ സമരം 57 ആം ദിവസത്തിലേക്ക് കടന്നു. പണി നിലച്ചത് മൂലം 100 കോടി നഷ്ടപരിഹാരം സർക്കാറിനോട് ചോദിക്കുന്ന അദാനി, അടുത്ത വർഷവും വിഴിഞ്ഞം തീരത്ത് കപ്പലടുക്കില്ലെന്നും അറിയിച്ചു. കരാർ പ്രകാരം 2019 ൽ പണിതീർക്കേണ്ട പദ്ധതി 2023 ലും പൂർത്തീകരിക്കാനാവാത്തതിൽ രണ്ട് മാസം പോലുമാകാത്ത സമരത്തെ കുറ്റപ്പെടുത്തുന്ന അദാനി കമ്പനിയുടെ നീക്കം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

നേരത്തെ തന്നെ കരാർ ലംഘനം കാണിച്ച് അദാനിയും സർക്കാറും നൽകിയ പരാതികൾ ആർബിട്രേഷൻറെ പരിഗണനയിലാണ്.  ഇതിനിടെയാണ് സർക്കാറിന് കീഴിലുള്ള വീഴിഞ്ഞം സീ പോർട്ട് ലിമിറ്റഡ് നഷ്ടപരിഹാരം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കണമെന്ന ശുപാർശ സർക്കാറിന് നൽകിയത്. സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് വിസിൽ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *