Thursday, January 23, 2025
National

66 കുഞ്ഞുങ്ങളെ കൊന്ന കഫ് സിറപ്പ് നിർമാണം നിർത്താൻ ഉത്തരവ്, മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിൽ ക്രമക്കേട് കണ്ടെത്തി

ദില്ലി: ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമാണം നിർത്താൻ ഹരിയാണ സർക്കാർ. മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പരിശോധനയിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയതായി ഹരിയാണ ആരോഗ്യ മന്ത്രി അനിൽ വിജ് വ്യക്തമാക്കി. സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും അനിൽ വിജ് പറഞ്ഞു. 

കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) ആരോപണം വന്നതിന് പിന്നാലെ കേന്ദ്ര സ‍ര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ സോനേപഥിലുള്ള മെയ‍്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിർമിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. കഫ് സിറപ്പിൽ അപകടകരമായ  ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ  ഗ്ലൈകോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്. മരുന്നുകൾ പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള രാജ്യമായ ​ഗാംബിയയിലേക്ക് മാത്രമേ കയറ്റിവിട്ടിട്ടുള്ളു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *