Monday, January 6, 2025
Kerala

ഇനി എന്നെന്നും ഒരുമിച്ച്‌’; ലെസ്ബിയന്‍ ദമ്പതികൾ വിവാഹിതരായി

ആദില നസ്റിനും ഫാത്തിമ നൂറയും വിവാഹിതരായി. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ഒരുമിച്ച്‌ ജീവിക്കാന്‍ അവസരം ലഭിച്ച സ്വവര്‍ഗ ദമ്ബതികളായ ആദിലയും നൂറയും സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് സന്തോഷവാര്‍ത്ത അറിയിച്ചത്.’ഇനി എന്നെന്നും ഒരുമിച്ച്‌’ എന്ന അടിക്കുറിപ്പോടെയാണ് നൂറ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘എന്നോടൊപ്പം എന്നുമുണ്ടാകാന്‍ തീരുമാനിച്ചതിന് ആശംസകള്‍’ എന്ന കാപ്ഷനൊപ്പമാണ് ആദില ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വിവാഹ വസ്ത്രമണിഞ്ഞ് അന്യോന്യം മോതിരം കൈമാറുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ബ്രൈഡല്‍ ലെഹങ്ക അണിഞ്ഞെത്തിയ ഇരുവരും ബീച്ച്‌ വെഡ്ഡിങ് ശൈലിയില്‍ പൂക്കള്‍ കൊണ്ട് നിര്‍മിച്ച ആര്‍ച്ചിനു സമീപം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇത്. എല്‍ജിബിടിക്യൂ സമൂഹത്തിന്‍്റെ അടയാളമായ മഴവില്ലഴകിലുള്ള കേക്കും ഒരുക്കിയിരുന്നു.

സുഹൃത്ത് നൂറയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച്‌ ജീവിക്കണമെന്നും ആദില കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞതോടെയാണ് ഇരുവരും വലിയ ഭീഷണികള്‍ നേരിട്ടത്. ഇതോടെ വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും ബന്ധുക്കള്‍ ഇടപെട്ട് ഇവരുടെ ബന്ധം അവസാനിപ്പിക്കാന്‍ തീവ്രമായി ശ്രമിച്ചു. ഇതോടെയാണ് പൊലീസില്‍ പരാതിയെത്തിയത്. ഒടുവില്‍ സംഭവം ഹൈക്കോടതിയില്‍ എത്തിയതോടെയാണ് ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ച്‌ ജീവിക്കാനുള്ള വഴി തുറന്നത്.

സൗദിയിലെ പ്ലസ് വണ്‍ പഠനകാലത്ത് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും സ്നേഹബന്ധം തുടര്‍ന്നു. കോഴിക്കോടുള്ള ഒരു സന്നദ്ധസംഘടനയില്‍ ഇരുവരും അഭയം തേടി. നസ്റിന്റെ വീട്ടിലേക്ക് വന്ന നൂറയെ ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുപോയതോടെയാണ് നിയമവഴി തെരഞ്ഞെടുത്തത്. തന്നോടൊപ്പം താമസിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും നൂറയെ കാണാനില്ലെന്നും കാണിച്ചാണ് ആദില നസ്റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഇതിന്റ അടിസ്ഥാനത്തില്‍ കോടതി ഇരുവര്‍ക്കും ഒന്നിച്ച്‌ ജീവിക്കാനുള്ള അനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *