രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര; പങ്കെടുക്കാത്തവർക്ക് കർശന താക്കീതുമായി വി ഡി സതീശൻ
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ വെച്ചാണ് വി ഡി സതീശന്‍റെ പ്രസ്താവന.
കോൺഗ്രസിന്റെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. അതിൽ പലരും പങ്കെടുത്തില്ല. ഇത്തരക്കാർ ഇനി പാർട്ടിയിൽ വേണ്ടെന്നും യാത്രയിൽനിന്ന് വിട്ടുനിന്നവർ എന്തിനാണ് പാർട്ടിയിൽ തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ഇക്കാര്യങ്ങൾ ഡിസിസി പരിശോധിക്കണം. എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്തർക്ക് അതിന്റെ അംഗീകാരം കിട്ടണമെന്നും ഡിസിസി നേതൃയോഗത്തിൽ വി ഡി സതീശൻ പറഞ്ഞു.
അതേസമയം ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന പരീക്ഷകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ ആശയവിനിമയവും നടപടിക്രമങ്ങളും പൂര്‍ണമായും ഹിന്ദിയിലാക്കണമെന്ന് പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ശപാര്‍ശ ചെയ്‌തെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.