Thursday, January 9, 2025
Kerala

അനുപമയും അജിത്തും വിവാഹിതരായി

പേരൂർക്കട ദത്ത് വിവാദത്തിലെ നിയമപോരാട്ടത്തോടെ പൊതു ശ്രദ്ധ നേടിയ അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ്ബ് രജിസ്ട്രാർ ഓഫീസില്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു. കുഞ്ഞ് എയ്ഡനോടൊപ്പമാണ് ഇരുവരും രജിസ്ട്രാർ ഓഫീസില്‍ എത്തിയത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

സിപിഐഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രന്റെ മകളാണ് അനുപമ എസ് ചന്ദ്രന്‍. അജിത്തുമായി അനുപമ പ്രണയത്തിലായിരുന്നു. അജിത്ത് വിവാഹിതനും ദളിത് ക്രിസ്ത്യനും ആയതിനാല്‍ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായ അനുപമ 2020 ഒക്ടോബര്‍ 19 ന് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി.

എന്നാല്‍ പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുഞ്ഞിനെ അനുപമയുടെ കൈയ്യില്‍ നിന്നും മാതാപിതാക്കള്‍ കൊണ്ടുപോവുകയായിരുന്നു. പ്രസവശേഷം അവശനിലയിലായതിനാല്‍ യുവതിക്ക് ഇത് എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സഹോദരിയുടെ വിവാഹത്തിനു ശേഷം കുഞ്ഞിനെ തരാമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ വാക്കുപാലിച്ചില്ല. ഇതോടെ അനുപമ അജിത്തിനൊപ്പം പോകുകയും ചെയ്തു. ഇതിനിടയില്‍ അജിത്ത് വിവാഹം മോചനം നേടുകയും ചെയ്തിരുന്നു. പിന്നീട് മാര്‍ച്ച് മാസം മുതല്‍ അജിത്തും അനുപമയും ഒന്നിച്ചു ജീവിച്ചു തുടങ്ങി.

പിന്നീട് ഏപ്രില്‍ മുതല്‍ കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുകയായിരുന്നു അനുപമയും അജിത്തും. ഡിജിപിക്ക് മുന്നില്‍ വരെ പരാതി നല്‍കി. എന്നാല്‍ അന്വേഷണം നാലു മാസത്തോളമാണ് വൈകി. ഇതിനിടെ ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി കുഞ്ഞിനെ ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കി.

അനുപമയുടെ പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണ് പൊലീസ് അനുപമയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. തുടർന്ന് സിപിഐഎം നേതൃത്വത്തിനും ശിശുക്ഷേമ സമിതിക്കും ഉള്‍പ്പടെ എതിരെ കടുത്ത ആരോപണങ്ങളുമായാണ് അനുപമ രംഗത്തെത്തിയത്. കുഞ്ഞിനെ താനറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ ഉന്നതരുടെ ഇടപെടലുണ്ടെന്ന് അനുപമ ആരോപിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിലും ശിശുക്ഷേമ സമിതിക്ക് മുന്നിലും സമരം നടത്തിയ അനുപമയ്ക്ക് നവംബർ പകുതിയോടെ കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള സാഹചര്യമുണ്ടായത്. നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടം നടത്തിയ അനുപമയ്ക്ക് ഈ വർഷം നവംബർ 24 നാണ് കോടതി ഇടപെടലില്‍ കുഞ്ഞിനെ തിരികെ ലഭിച്ചത്. ആന്ധ്രാ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞിനെ കോടതി ഇടപെട്ട് ദത്ത് റദ്ദാക്കി നാട്ടിലെത്തിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *