പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം അലയടിച്ചെന്ന് കെപിസിസി; ഇത് നിലനിർത്തി മുന്നോട്ട് പോകാന്‍ തീരുമാനം
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം അലയടിച്ചുവെന്ന് കെപിസിസി നേതൃയോഗം. ഈ സാഹചര്യം നിലനിർത്തി മുന്നോട്ട് പോകാനാണ് കെപിസിസിയുടെ തീരുമാനം. മണ്ഡലം പുനഃസംഘടന ഈ മാസം 20 നകം തീർക്കണമെന്നും കെപിസിസി നേതൃയോഗത്തിൽ തീരുമാനമായി. 20 നുള്ളിൽ പട്ടിക നൽകാൻ ഡിസിസികൾക്ക് അന്ത്യ ശാസനം നൽകിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനും യോഗത്തിൽ തീരുമാനമായി.
ഇടത് കേന്ദ്രങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കൊണ്ടായിരുന്നു 37,719 വോട്ടിന്‍റെ ത്രസിപ്പിക്കുന്ന വിജയം ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത്. അയർകുന്നത്തെണ്ണിയ ആദ്യ ബൂത്തു മുതലേ ചാണ്ടി തന്നെ ചാമ്പ്യനെന്ന് വ്യക്തമായിരുന്നു. ആദ്യ റൗണ്ടിൽ 2816 ഉം രണ്ടാം റൗണ്ടിൽ 2671 ഉം മൂന്നാം റൗണ്ടിൽ 2911 ഉം ലീഡ് നേടി. അഞ്ചാം റൗണ്ട് എത്തിയപ്പോഴേക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും കടന്ന് ചാണ്ടിയുടെ ലീഡ് പതിനായിരത്തിൽ തൊട്ടു. ഒടുവിൽ 2011 ൽ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കോർഡ് ഭൂരിപക്ഷവും ചാണ്ടിയുടെ കുതിപ്പിൽ പഴങ്കഥയായി.