Monday, January 6, 2025
Kerala

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാൽ സാമ്പിളിൽ നിപ സ്ഥിരീകരിച്ചു; രണ്ടിനത്തില്‍ ആന്റിബോഡി കണ്ടെത്തി

കോഴിക്കോട് നിപ സ്ഥീരികരിച്ചയിടത്ത് നിന്നും പിടികൂടിയ വവ്വാൽ സാമ്പിളിൽ നിപ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. രണ്ടിനം സാമ്പിളിൽ നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാമ്പിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോ‍ഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് സ്ഥിരീകരിച്ച നിപ വൈറസിൻറെ ഉറവിടം വവ്വാൽ ആണെന്ന് അനുമാനിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സെപ്റ്റംബർ അഞ്ചിനാണ് നിപ സ്ഥിരീകരിച്ച 12 വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരുടെയും സാമ്പിളുകൾ പരിശോധിച്ച് നെ​ഗറ്റീവെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് നിപ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡ് പൂർണമായും തുറന്ന് നൽകിയത്.

കേന്ദ്ര സംഘവും മൃ​ഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആദ്യഘട്ടത്തിൽ ശേഖരിച്ച മൃ​ഗ സാമ്പിളുകളിലെ ഭോപ്പാലിലെ പരിശോധനാഫലം നെ​ഗറ്റീവ് ആയിരുന്നു. തുടർന്നാണ് രോ​ഗത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ പരിശോധന നടത്തിയത്. രോ​ഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകൾക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാമ്പിളാണ് ശേഖരിച്ച് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയത്.

രോ​ഗം സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടേയത് ഇത്തവണത്തെ ആദ്യ കേസ് തന്നെയാണെന്നാണ് നി​ഗമനം. ഇനി അറിയേണ്ടത് കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് കേരളത്തിൽ നിപ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *