കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്രം സംസ്ഥാനത്തെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല: മന്ത്രി റിയാസ്
കോഴിക്കോട് പനിബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചത് നിപ വൈറസ് മൂലമാണെന്ന സ്ഥിരീകരണം കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മരിച്ചവരുടെ സ്രവ സാമ്പിള്‍ പരിശോധനയുടെ ഫലത്തിനായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധനാ ഫലം ഒന്നര മണിക്കൂറിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി അല്‍പ സമയം മുന്‍പ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയാണ് അറിയിച്ചിരുന്നത്.
പ്രോട്ടോക്കോള്‍ വന്നിട്ടില്ലെങ്കിലും കോഴിക്കോട് പരമാവധി മാസ്‌ക് ധരിക്കേണ്ടതുണ്ടെന്ന് ട്വന്റിഫോറിന് അനുവദിച്ച പ്രതികരണത്തില്‍ മന്ത്രി പറഞ്ഞു. ജില്ലയില്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. എട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ഉള്‍പ്പെടെ വിളിച്ച് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സ്രവ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. സ്ഥിരീകരണം പുറത്തുവന്നോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചു. ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാള്‍ മരിച്ചത്. ഇന്നലെയാണ് മറ്റൊരു മരണവും സ്ഥിരീകരിച്ചത്. 49,40 എന്നീ വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.
മരിച്ച രണ്ട് പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 75 പേരുടെ പേരുവിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. മരിച്ച ഒരാളുടെ ഒന്‍പത് വയസുള്ള കുട്ടി അടക്കം ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിഞ്ഞുവരികയാണ്. കനത്ത ജാഗ്രത നിലനില്‍ക്കുന്ന കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് കോഴിക്കോട് ഇപ്പോള്‍ നിപ ബാധിച്ചവര്‍ക്കുണ്ടായിരുന്നത്. അതിനാല്‍ തന്നെ കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇനി നാലുപേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി പുറത്തെത്താനുണ്ട്. കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.