മദ്യപാനമാരോപിച്ച് എസ്‌ഐക്കെതിരെ സിഐ കേസെടുത്ത സംഭവം; കള്ളക്കേസെന്ന് പ്രോസിക്യൂഷന്‍
തൃശ്ശൂരിലെ ക്രൈംബ്രാഞ്ച് എസ്‌ഐ ആമോദിനെതിരെ നെടുപുഴ സി ഐ ദിലീപ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസാണെന്ന് പ്രോസിക്യൂഷന്‍. ഇക്കാര്യം വ്യക്തമാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് സാധൂകരിക്കുന്ന രക്ത പരിശോധന ഫലവും പുറത്തുവന്നു.
കഴിഞ്ഞ ജൂലൈ 30നാണ് ആമോദ് പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചെന്നാരോപിച്ച് അബ്കാരി ആക്ട് പ്രകാരം സി ഐ ദിലീപ് കേസെടുത്തത്. സിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ആമോദിനെ 12 മണിക്കൂറിനുള്ളില്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കേസില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിലുള്‍പ്പടെ എസ്.ഐ മദ്യപിച്ചിരുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മദ്യപിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എസ്.ഐ ആമോദിനെതിരായ നടപടി പിന്‍വലിക്കാന്‍ കമ്മീഷ്ണര്‍ തയ്യാറായിട്ടില്ല.
അതേസമയം വ്യാജ കേസ് എടുത്ത സംഭവത്തില്‍ ഇതുവരെ സിഐക്കെതിരെ നടപടിയെടുക്കാത്തതില്‍ സേനക്കുള്ളില്‍ കടുത്ത അമര്‍ഷമാണ് നിലനില്‍ക്കുന്നത്. തൃശ്ശൂരിലെ പൊലീസിന് ഇടയില്‍ നിലനില്‍ക്കുന്ന പടലപിണക്കങ്ങളുടെ ഭാഗമാണ് കേസ് എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.