ഓണഘോഷത്തിനിടെ ചേരിതിരിഞ്ഞ തല്ല്: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം
തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കാരക്കോണത്ത് ഗ്രേഡ് എസ്ഐയേയും സിപിഒയെയും ആക്രമിച്ചു. പതിനൊന്ന് പേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവർ സിപിഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസുകാരുടെ ലാത്തി തകർത്ത അക്രമികൾ യൂണിഫോം വലിച്ചു കീറുകയും ചെയ്തു. അക്രമത്തിന് ഇരയായ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.
കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളറട പൊലീസ് സ്ഥലത്ത് എത്തിയത്. അക്രമസംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ പൊലീസ് ജീപ്പിലേക്ക് കേറ്റുന്നതിനിടെ ആക്രമണം നടക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും അക്രമിസംഘത്തിൽ ഉൾപ്പെട്ട പതിനൊന്ന് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.