Tuesday, April 15, 2025
Kerala

വന്‍ ശമ്പളത്തോടെ ജിഎസ്ടി വകുപ്പില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം; 21 തസ്തികകള്‍ സൃഷ്ടിക്കും

സംസ്ഥാന ജിഎസ്ടി വകുപ്പില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം. വകുപ്പ് പുനക്രമീകരണത്തിന്റെ മറവില്‍ 21 തസ്തികകള്‍ സൃഷ്ടിക്കാനാണ് നീക്കം നടക്കുന്നത്. വകുപ്പിലെ ഐ ടി മാനേജ്‌മെന്റ് വിഭാഗത്തിന്റെ പൂര്‍ണ ചുമതല കരാര്‍ ഉദ്യോഗസ്ഥരുടെ കൈകളിലെത്തും. സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴാണ് വന്‍ ശമ്പളത്തില്‍ കരാര്‍ നിയമനം നടത്തുന്നത്. കരാറുകാര്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ ശമ്പളം നല്‍കിയേക്കും.

ഐ ടി മാനേജ്‌മെന്റ് വിഭാഗത്തിന്റെ പൂര്‍ണ ചുമതല കരാര്‍ ഉദ്യോഗസ്ഥരിലേക്ക് എത്തുന്നതോടെ ഡാറ്റകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതായേക്കുമെന്നത് ഉള്‍പ്പെടെയുള്ള ആശങ്കകള്‍ നിനില്‍ക്കുന്നുണ്ട്. ഐടി വിദഗ്ധരായി ഏഴ് പേരെയാണ് കരാറില്‍ നിയമിച്ചിരിക്കുന്നത്. ഡേറ്റ അനലിസ്റ്റുകളായി എട്ടുപേരെയും ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് എന്ന പോസ്റ്റില്‍ മൂന്ന് പേരെയും ചരക്ക് സേവന നികുതി വകുപ്പില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡെപ്യൂട്ടേഷനായി രണ്ട് പേരെയും പബ്ലിക്ക് റിലേഷന്‍ ഓഫിസറായി ഒരു ഉദ്യോഗസ്ഥനേയും മറ്റ് വകുപ്പുകളില്‍ നിന്ന് പുനക്രമീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഈ ഉത്തരവ് നികുതി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആഗസ്റ്റില്‍ നടത്താനിരുന്ന നിയമനങ്ങളാണ് എതിര്‍പ്പുകളെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നത്. സെപ്തംബര്‍ മാസത്തില്‍ തന്നെ നിയമനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *