Friday, April 11, 2025
Kerala

മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കുമോ എന്ന കാര്യം ജലീൽ നിലപാട് വ്യക്തമാക്കിയ ശേഷം തീരുമാനിക്കും; അഡ്വ. ജി.എസ് മണി

 

ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം എന്നുതന്നെയാണ് തന്റെ പരാതിയിൽ ആവശ്യപ്പെടുന്നതെന്നും മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കുമോ എന്ന കാര്യം ജലീൽ നിലപാട് വ്യക്തമാക്കിയ ശേഷം തീരുമാനിക്കുമെന്നും കെ.ടി ജലീലിനീതിരായ പരാതിക്കാരൻ അഡ്വ. ജി.എസ് മണി 24 നോട് വെളിപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ആസാദ് കശ്മീർ എന്ന വിവാദ പ്രസ്താവനയിലാണ് ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യ ദ്രോഹ കേസ് പൊലീസ് ചുമത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കേസെടുത്തിട്ടില്ല എന്നത് ഡൽഹിയിൽ ബാധകമല്ല. രണ്ട് അധികാര പരിധിയിലാണ് ഇവ വരുന്നത്. മലയാളം വായിക്കാനറിയില്ല തനിക്ക്. ജലീലിന്റെ പോസ്റ്റിനെ കുറിച്ച് വായിച്ചറിഞ്ഞത് ദി ഹിന്ദു പത്രത്തിലൂടെയാണ്. – അഡ്വ. ജി.എസ്. മണി കൂട്ടിച്ചേർത്തു.

അഡ്വ. ജി.എസ്. മണി ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് ജലീലിനെതിരെ പരാതി നൽകിയത്. കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പരാതി പിൻവലിക്കില്ലെന്നു് ജി.എസ്. മണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരാതി നൽകിയത് കെടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി വ്യക്തമാക്കിയിരുന്നു. സിആര്‍പിസി 156(3) പ്രകാരം നല്‍കിയ ഹര്‍ജിയിലാണ് കോടതി. ജലീലിനെതിരെ കേസെടുക്കണമെന്ന് കാട്ടി താന്‍ നല്‍കിയ അപ്പീലിലും പരാതിയിലും ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ ജി എസ് മണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

ജലീലിനെതിരെ കേസെടുക്കാനും അന്വേഷണം പൂര്‍ത്തിയാക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ ഹര്‍ജിക്കാരന്റെ ഉള്‍പ്പെടെ മൊഴികള്‍ പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും ജലീലിന് സമന്‍സ് നല്‍കുക. കെടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ഹര്‍ജി.

ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. സുപ്രിംകോടതി അഭിഭാഷകനായ മണി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. ഇതിനു തുടര്‍ച്ച ആയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. എസ്എച്ച്ഓ രാഹുല്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് അന്വേഷിക്കുക.

വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂര്‍ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കല്‍, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *