Saturday, December 28, 2024
Kerala

അവസാനകാലത്ത് ഉമ്മൻചാണ്ടിയെ വീഴ്ത്തിയത് വി.ഡി സതീശൻ; കെ സുരേന്ദ്രൻ

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ ബിജെപി ഇടപെടേണ്ടതില്ലെന്ന് കെ സുരേന്ദ്രൻ. ചികിത്സ വിവാദത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറയുന്ന വി ഡി സതീശനാണ് അവസാനകാലത്തു ഉമ്മൻചാണ്ടിയെ വീഴ്ത്തിയത്. യുഡിഎഫ് നേതൃത്വവും വി ഡി സതീശനുമാണ് ഉമ്മൻചാണ്ടിയെ വേട്ടയാടിയത്. തങ്ങൾ ഹരിത എംഎൽഎ ആണെന്നും സരിത എംഎൽഎ അല്ലെന്നും പറഞ്ഞതും വിഡി സതീശനാണ്. അവസാനകാലത്ത് ഉമ്മൻചാണ്ടിയെ വേട്ടയാടിയതിൽ പ്രധാനി വിഡി സതീശൻ ആയിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത് ഏറ്റവും മികച്ച ചികല്‍സ തന്നെയായിരുന്നുവെന്നും സി പി ഐഎം ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. മൂന്നാം കിട നേതാക്കളെക്കൊണ്ട് തരം താണ ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ചികല്‍സുമായി ബന്ധപ്പെട്ട് സി പി ഐ എം ഉന്നയിക്കുന്നത്. അവര്‍ക്ക് രാഷ്ട്രീയം പറയാന്‍ പേടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാര്‍ രംഗത്തുവന്നിരുന്നു.ഇത്തരമൊരു സാഹചര്യം ഒരുക്കിയതില്‍ വി.ഡി.സതീശനും പങ്കുണ്ടെന്നും അനില്‍ കുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ആ ആരോപണം മുന്‍ നിര്‍ത്തിയാണ് വി ഡിസതീശന്‍ ഇതിന് മറുപടി പറഞ്ഞത്.

ഉമ്മന്‍ചാണ്ടിയുടെ ചികല്‍സയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ആസ്റ്റര്‍മെഡ് സിറ്റി, രാജഗിരി അമേരിക്കയിലെ ആശുപത്രി എന്നിവടങ്ങളില്‍ നിന്നെല്ലാം മികച്ച ചികല്‍സയാണ് അദ്ദേഹത്തിന് ലഭിച്ചത്. അത് കൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും നാള്‍ ജീവിതം നീട്ടിക്കിട്ടിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കളും വളരെ താല്‍പര്യപൂര്‍വ്വം അദ്ദേഹത്തിന്റെ ചികല്‍സയുടെ കാര്യത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാനില്ലാത്തത് കൊണ്ട് ഇത്തരം തരം താണ ആരോപണങ്ങള്‍ സി പി ഐഎം ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *