Monday, January 6, 2025
Kerala

‘ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ശരിയോ തെറ്റോയെന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കും’; എ.കെ ആന്റണി

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടന്ന വേട്ടയാടൽ ഉപതെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഉമ്മൻചാണ്ടിയെപ്പോലെ ഒരാളെ ഇങ്ങനെ വേട്ടയാടിയത് ശരിയോ തെറ്റോ എന്ന് പുതുപ്പള്ളിക്കാർ തീരുമാനിക്കും. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർ മറക്കില്ലെന്നും എ.കെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

ഉമ്മൻചാണ്ടി മാത്രമല്ല കുടുംബം മുഴുവൻ വേട്ടയാടപ്പെട്ടു. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുടുംബത്തെയാകെ വേട്ടയാടിയത്. ചാണ്ടി ഉമ്മനെ വ്യക്തിപരമായി തേജോവദം ചെയ്യാൻ നടത്തിയ ശ്രമം കേരളം മറക്കില്ലെന്നും ആന്റണി. ഇല്ലാത്ത കളങ്കം ആരോപിച്ചായിരുന്നു ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത്. ഉമ്മൻചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പിനോട് പൊരുത്തപ്പെടാനായിട്ടില്ല. ഊണിലും ഉറക്കത്തിലും ഉമ്മൻചാണ്ടിയുടെ മനസ്സിൽ ആദ്യം വരുന്നത് പുതുപ്പള്ളിയാണെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയുടെ വികസനത്തിന് സാധ്യമായതെല്ലാം അദ്ദേഹം ചെയ്തു. ഇതെല്ലം പുതുപ്പള്ളിക്കാർ ഓർക്കണം. അച്ഛന്റെ പിൻഗാമിയായി മകൻ വരും. ഉപതെരഞ്ഞെടുപ്പിൽ അതിശയകരമായ ചരിത്ര വിജയം ഉണ്ടാകുമെന്നും ആന്റണി. അതേസമയം പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. ആന്റണിയുടെ വഴുതക്കാട്ടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ചാണ്ടി ഉമ്മനെ ഷാൾ അണിയിച്ച് ആന്റണി സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *