ഹരിയാന കലാപം; ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ, ഇൻറർനെറ്റ് നിരോധനം നാളെ വരെ നീട്ടി
വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്ഥിതി ഇപ്പോഴും രൂക്ഷമെന്ന് സർക്കാർ. ഇതുവരെ 393 പേരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. നുഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, റെവാരി, പാനിപ്പത്ത്, ഭിവാനി, ഹിസാർ എന്നിവിടങ്ങളിൽ 160 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു.
ബ്രജ് മണ്ഡൽ അക്രമവുമായി ബന്ധപ്പെട്ട് 218 പേർ നൂഹിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് നരേന്ദർ ബിജാർനിയ പറഞ്ഞു. ഇതിനിടെ നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ നിരോധിച്ചത് സംസ്ഥാന സർക്കാർ നാളെ വരെ നീട്ടി.
അതേസമയം ഗുരുഗ്രാമിൽ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. മാത്രമല്ല, കർഫ്യൂവിൽ 11 മണിക്കൂർ ഇളവും നൽകിയിട്ടുണ്ട്.