കെ വിദ്യ വ്യാജരേഖ കേസ്; ചുരത്തിൽ കീറിയെറിഞ്ഞ വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി
കെ വിദ്യ വ്യാജരേഖ കേസിൽ വഴിത്തിരിവ്. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്. ഗൂഗിളിൻ്റെ സഹായത്തോടെയാണ് ഇതിന്റെ പകർപ്പ് എടുത്ത കട കണ്ടെത്തിയത്.
കേസിൽ ഈ മാസം ഒന്നിന് കെ വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് വിദ്യയുടെ കേസ് ഇന്നത്തേക്ക് മാറ്റിയത്. കേസിൽ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കരിന്തളം ഗവ. കോളജിൽ നിയമനം ലഭിക്കാൻ ആസൂത്രിതമായി വ്യാജ രേഖ ചമച്ചുവെന്ന വിദ്യയുടെ മൊഴി അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്റെ വാദം.
കരിന്തളം കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയത് ഗെസ്റ്റ് അധ്യാപക അഭിമുഖത്തിൽ ഒപ്പം പങ്കെടുത്ത, തന്റെ സീനിയർ കൂടിയായ ഉദ്യോഗാർഥിയെ മറികടക്കാനാണെന്ന് വിദ്യ പൊലീസിനു മൊഴിനൽകിയിരുന്നു. 2021ൽ കാസർഗോട് ഉദുമ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ഗെസ്റ്റ് അധ്യാപക അഭിമുഖത്തിൽ വിദ്യയെ പിന്തള്ളി മാതമംഗലം സ്വദേശിനി രസിത നിയമനം നേടിയിരുന്നു.
മാതമംഗലം സ്വദേശി കെ രസിതയും വിദ്യയും മൂന്ന് വർഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്‌കൃത സർവകലാശാലയിൽ കെ വിദ്യയുടെ സീനിയറായിരുന്നു രസിത.
2021യിൽ കരിന്തളം കോളജിൽ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനാൽ വ്യാജരേഖ ചമച്ചു. വ്യാജരേഖ ചമച്ചത് രസിതയെ മറികടക്കാനാണെന്നും കെ വിദ്യ പൊലീസിന് മൊഴി നൽകി.