വ്യാജരേഖ വിവാദം: നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ
അധ്യാപക നിയമനത്തിനായി വ്യാജരേഖ നൽകിയെന്ന വിഷയത്തിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനുള്ള വഴി തേടി കെ. വിദ്യ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും.
ഇതിനിടെ, അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജ രേഖകളെന്ന് കണ്ടെത്തി. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കൈമാറി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊളീജിയറ്റ് സംഘം അട്ടപ്പാടി കോളജിലെത്തി വിദ്യ സമർപ്പിച്ച സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചത്. സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് കൊളീജിയറ്റ് സംഘം ഡയറക്ടർക്ക് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് ഉടൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനും നൽകും.
കാസർഗോഡ് കരിന്തളം ഗവൺമെന്റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തിയിരുന്നു. ഒരു വർഷക്കാലം വിദ്യ കോളേജിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ വിദ്യക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും. മഹാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.