എസ്എഫ്ഐ നേതാവ് ആർഷോ ജാമ്യം ദുരുപയോഗം ചെയ്‌തു; അന്വേഷണം പൂർത്തിയാക്കാത്തത് അത്ഭുതപ്പെടുത്തുന്നെന്ന് ഹൈക്കോടതി
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് വിമർശനം. അന്വേഷണം പൂർത്തിയാക്കാത്തത് അത്ഭുതപ്പെടുത്തുന്നു എന്ന് ഹൈക്കോടതി വിമർശിച്ചു. 2016ൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം പൂർത്തിയാക്കിയില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജാമ്യം ദുരുപയോഗം ചെയ്‌തു. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്‌തു. അന്വേഷണം പൂർത്തിയാക്കാത്ത ഘട്ടത്തിൽ പ്രതിക്ക് യാതൊരു ആനുകൂല്യവും നൽകാനാകില്ലെന്ന് കോടതി വിമർശിച്ചു.
ജസ്റ്റിസ് വിജു അബ്രഹാമിന്റെ ബെഞ്ചാണ് ആർഷോയ്ക്ക് ജാമ്യം നിഷേധിച്ചത്. 2018 ൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലാണ് ആർഷോ കസ്റ്റഡിയിലുള്ളത്. നേരത്തെ ആർഷോക്ക് ജാമ്യം നൽകിയിരുന്നുവെങ്കിലും നിബന്ധനകൾ ലംഘിച്ചതിനാൽ റദ്ദാക്കുകയായിരുന്നു.
വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ജില്ല കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. വിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിലാണ്. കൊച്ചി സെൻട്രൽ പൊലീസായിരുന്നു എസ്എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തത്.
ജില്ലാ കോടതിയിൽ ജാമ്യ ഹർജി നൽകിയെങ്കിലും അത് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്.ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. വിവിധ കേസുകളിൽ പ്രതിയായ ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിനും പൊതുപരിപാടികളിലും പങ്കെടുത്തിട്ടും പൊലീസ് പിടികൂടാത്തതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.