രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസ്: 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26 ന് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.
സംഭവം വിവാദമായതോടെ എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടിരുന്നു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടിൽ കർശന നടപടിക്ക് തീരുമാനിച്ചത്. ദേശീയ തലത്തിൽ വരെ വിവാദമായ സംഭവത്തിൽ കർശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ് എഫ് ഐയോട് ആവശ്യപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫീസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയാണ് എസ് പിയുടെ റിപ്പോർട്ട്. ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ട് പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോർട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവർത്തകർ കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എം പി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. പൊലീസിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർ ആരോപണ മുനയിലായി. എന്നാൽ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ സമയത്തെ പൊലീസുദ്യോഗസ്ഥരും നേതാക്കളും തമ്മിൽ എംപി ഓഫീസിനകത്ത് വെച്ച് സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ് റിപ്പോർട്ടിൽ കോൺഗ്രസ് നേതൃത്വം അവിശ്വാസം ഉന്നയിച്ചു.
എം പി ഓഫിസ് ആക്രമണ ദൃശ്യങ്ങൾ പകർത്താൻ അവിടെ ഉണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ് പ്രധാന തെളിവായിരിക്കുന്നത്. സമരത്തിന് ശേഷം 25 എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരൽ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫീസിനുള്ളിൽ കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു.
എം പി യുടെ ഓഫീസ് ആക്രമണം നടന്ന ശേഷം കോൺഗ്രസ് നേതാക്കൾ ഓഫിസിന് അകത്ത് എത്തുമ്പോഴാണ് ഗാന്ധി ചിത്രവും എസ് എഫ് ഐക്കാർ തകർത്തെന്ന ആരോപണം ഉന്നയിക്കുന്നത്. നിലത്ത് കടന്ന ഗാന്ധി ചിത്രം ചൂണ്ടിക്കാട്ടി ആയിരുന്നു ആരോപണം. ഓഫീസ് ആക്രമണത്തിനൊപ്പം ഈ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബി ജെ പിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത സി പി എം, എസ് എഫ് ഐക്കാരെക്കൊണ്ട് രാഹുൽഗാന്ധി എം പിയുടെ ഓഫീസ് ആക്രമിക്കുകയാണെന്നും അതിന്‍റെ തെളിവാണ് ഗാന്ധി ചിത്രം പോലും തകർത്തതെന്നുമായിരുന്നു കോൺഗ്രസിന്‍റെ പ്രധാന ആരോപണം. ഗാന്ധി ചിത്രം നശിപ്പിച്ചത് എസ് എഫ് ഐ പ്രവർത്തരല്ലെന്ന് ചില മാധ്യമ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി. സി പി എം ആദ്യം മുതൽ പ്രതിരോധം ശക്തമാക്കിയിരുന്നു. മുതിർന്ന സി പി എം നേതാക്കളടക്കം ഇക്കാര്യം പലവട്ടം ആവർത്തിക്കുന്നുമുണ്ടായിരുന്നു.