കടകൾ എല്ലാ ദിവസവും കടകൾ തുറക്കണം: പ്രതിഷേധവുമായി വ്യാപാരികൾ, അറസ്റ്റ് ചെയ്ത് പോലീസ്
എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ നേരിയ തോതിൽ സംഘർഷവുമുണ്ടായി.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അറസ്റ്റ് ചെയ്താലും കടകൾ തുറക്കാതെ പിന്നോട്ടേക്കില്ലെന്ന് വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. എന്നാൽ വിഷയം ചർച്ചയിലൂടെ പരിഹരിക്കാമെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചത്.
വ്യാപാരികളുമായി ജില്ലാ കലക്ടർ സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്ന് ടി സിദ്ധിഖ് എംഎൽഎ ആവശ്യപ്പെട്ടു. കച്ചവടം അനുവദിച്ചില്ലെങ്കിൽ വ്യാപാരികളും കേരളം വിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി ഒ നസറുദ്ദീൻ പറഞ്ഞു.