ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർത്തില്ല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ നിർദ്ധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഏപ്രിൽ 17ന് വീണ്ടും പരിഗണിക്കും.
പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ ഷീബക്കാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭാശയ മുഴ നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. തടിപ്പ് കണ്ടെത്തിയതിനാൽ ഒന്നരമാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നിട്ടും വേദനയ്ക്ക് കുറവില്ലായതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ഇതിൽ 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയ വയർ കുറുകെ കീറിയാണ് നടത്തിയത്.തുടർന്ന് വയർ തുന്നിച്ചേർക്കാതെ ബസിൽ കയറ്റി വിട്ടെന്നാണ് പരാതി. നിലവിൽ എറണാകുളത്തെ ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് ഷീബ. പൊതുപ്രവർത്തകനായ ജി.എസ്.ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഒടുവിൽ കെബി ഗണേഷ്‌കുമാർ എംഎൽഎ കഴിഞ്ഞ ദിവസം ഷീബയുടെ ദുരവസ്ഥ നിയമസഭയിൽ ഉന്നയിച്ചിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം വയറിൽ സ്റ്റിച്ച് ഇടാത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.