അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
അച്ഛൻ്റെ തല്ല് ഭയൻ വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ കനൂജ് ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. 12 വയസുകാരനായ പ്രിൻസ് ആണ് മരിച്ചത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുകീറിയ പാടുകളുണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 4 ദിവസത്തിനിടെ മൂന്നാം തവണയാണ് യുപിയിൽ കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ കൊലപ്പെടുത്തുന്നത്.
മയക്കുമരുന്നിന് അടിമയാണ് പ്രിൻസിൻ്റെ പിതാവ് ഓംകാർ. ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഭാര്യയെയും മകനെയും നിരന്തരം തല്ലുമായിരുന്നു. സംഭവ ദിവസവും പ്രിൻസിനെ ഓംകാർ തല്ലി. വീണ്ടും തല്ലുമെന്ന് ഭയന്ന കുട്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ബുധനാഴ്ച ആയിട്ടും കുട്ടി വീട്ടിൽ തിരികെയെത്തിയില്ല. തുടർന്ന് മാതാവ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ നായ കടിച്ച് മരിച്ച നിലയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഈ മൃതദേഹം മകൻ്റേഠാണെന്ന് അമ്മ തിരിച്ചറിഞ്ഞു.