‘പ്രതിപക്ഷ പ്രസ്താവനകൾ തരംതാഴ്ന്നു’; തിരുവഞ്ചൂരിന്റെ ഗ്ലിസറിൻ പരാമർശത്തിനെതിരെ എം.വി ഗോവിന്ദൻ
ഡോ. വന്ദനാ ദാസിന്റെ മാതാപിതാക്കളുടെ മുന്നില്‍ മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ചാണെന്ന തിരുവഞ്ചൂരിന്റെപ്രാസ്താവനയിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷത്തിന്റെ ഗവൺമെന്റ് വിരുദ്ധ പ്രചാരവേലയാണ് നടക്കുന്നത്. അതിനോട് പ്രതികരിക്കാനില്ല. പ്രതിപക്ഷ പ്രസ്താവനകൾ തരംതാഴ്ന്നു. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തിൽ തന്നെ ഡോക്ടർമാർ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അതിന് കഴിഞ്ഞില്ല. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ചാണെന്നും മന്ത്രിയുടേത് കഴുതക്കണ്ണീരാണെന്നുമാണ് തിരുവഞ്ചൂര്‍ ആരോപിച്ചത്. ആര് മരിച്ചാലും തനിക്ക് ഭരിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പരസ്യപ്രസ്താവന നടത്തിയതിനു ശേഷം മാതാപിതാക്കളുടെ മുന്നിൽ കണ്ണീര് കാണിച്ചിട്ട് ഒരു കാര്യവുമില്ല. ഇതിനെയാണ് കഴുതക്കണ്ണീർ എന്ന് പച്ചമലയാളത്തിൽ ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് എസ്പി ഓഫീസിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.