Friday, January 10, 2025
Kerala

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്‌ഫി വീണ്ടും റിമാന്റിൽ

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാന്റിൽ അയച്ചത്. ഈ മാസം 27 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്ന് ഉച്ചയോടെയാണ് കേസന്വേഷിക്കുന്ന എൻഐഎ സംഘം കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയ ഡിജിറ്റൽ രേഖകൾ എൻഐഎ പരിശോധനക്കയച്ചിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദില്ലിയില്‍ പത്തിടങ്ങളിൽ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ഷാറൂഖ് സെയ്‌ഫിയുടെ ഷഹീന്‍ ബാഗിലെ വീട്ടിലും, സമീപ പ്രദേശങ്ങളിലുമായിരുന്നു പരിശോധന. ഡിജിറ്റൽ ഉപകരണങ്ങൾ ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തീവ്ര മുസ്ലീം പ്രചാരകരെ ഷാരൂഖ് സെയ്ഫി പിന്തുടർന്നിരുന്നുവെന്ന് എൻഐഎ കണ്ടെത്തി.

സാക്കിർ നായിക്, പാകിസ്ഥൻകാരായ താരിക് ജമീൽ, ഇസ്രാർ അഹമ്മദ്, തൈമു അഹമ്മദ് എന്നിവരെ ഇയാൾ ഓൺലൈനിൽ പിന്തുടർന്നിരുന്നു എന്നാണ് കണ്ടെത്തൽ. ചോദ്യം ചെയ്യലില്‍ നിന്നും, ഫോൺ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദില്ലിയിൽ പത്തിടത്ത് എൻഐഎ സംഘം പരിശോധന നടത്തിയത്. ആദ്യ ഘട്ടത്തില്‍ പരിശോധന നടന്നപ്പോള്‍ ഷാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി എന്‍ഐഎ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ കോഴിക്കോടും, കണ്ണൂരും എന്‍ഐഎ പരിശോധന നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *