50% വേതനം ഇടക്കാല ആശ്വാസമായി നല്‍കും; നഴ്‌സുമാരുടെ സമരത്തിന് മുന്നില്‍ വഴങ്ങി ആശുപത്രികള്‍
50% വേതനം ഇടക്കാല ആശ്വാസമായി നല്‍കുമെന്ന ഉറപ്പിന്മേല്‍ തൃശൂരിലെ നഴ്‌സസ് സമരം പിന്‍വലിച്ചു. എല്ലാ സ്വകാര്യ ആശുപത്രികളും യുഎന്‍എയുടെ ഉപാധികള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കുന്നത്. ഭൂരിഭാഗം മാനേജുമെന്റുകളും ഇടക്കാലാശ്വാസമായി അമ്പത് ശതമാനം തുക നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നഴ്‌സുമാര്‍.
26 സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നോട്ടുവച്ച ശമ്പള വര്‍ധന എന്ന ആവശ്യം അംഗീകരിച്ചത്. അമ്പത് ശതമാനം വര്‍ധിപ്പിച്ച വേതനം ഇടക്കാല ആശ്വാസമായി നല്‍കും.
പ്രതിദിന വേതനം ചുരുങ്ങിയത് 1500 രൂപയാക്കുക, ആശുപത്രിയിലെ കരാര്‍ ദിവസവേതന നിയമനങ്ങള്‍ അവസാനിപ്പിക്കുക, രോഗി നഴ്‌സ് അനുപാതം നിയമപരമായി നടപ്പാക്കുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 72 മണിക്കൂര്‍ പണിമുടക്ക് നഴ്‌സുമാര്‍ നടത്തിയത്.