ഇന്ത്യയോട് മാനുഷിക സഹായം തേടി യുക്രൈൻ; മോദിക്ക് സെലൻസ്‌കിയുടെ കത്ത്
റഷ്യ-യുക്രൈൻ യുദ്ധത്തിൽഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി കത്തു നൽകി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ കൂടുതൽ മാനുഷിക സഹായങ്ങള്‍ നൽകണമെന്ന് യുക്രൈൻ അഭ്യർത്ഥിച്ചു. രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജപറോവയാണ് സെലന്‍സ്‌കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറിയത്.
യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് ഇന്ത്യൻ കമ്പനിയുടെ സഹായവും യുക്രൈൻ തേടിയിട്ടുണ്ട്. ആഗോള നേതാവെന്ന നിലയിലും ജി20യുടെ നിലവിലെ ചെയര്‍മാനെന്ന നിലയിലും ഇന്ത്യക്ക് യുക്രൈനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ സെലന്‍സ്‌കി ആഗ്രഹിക്കുന്നുവെന്നും ജപറോവ പറഞ്ഞു.
യുക്രൈന് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയതായി മീനാക്ഷി ലേഖ് ട്വിറ്ററില്‍ കുറിച്ചു. എന്നാൽ ജി20 ഉച്ചകോടിൽ സെലന്‍സ്‌കി സംസാരിക്കുമോ എന്ന കാര്യത്തിൽ ഇന്ത്യയുടെ പ്രതികരണം വന്നിട്ടില്ല.