ശമ്പള വര്‍ധനവ്; തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതൽ നഴ്സുമാർ പണിമുടക്കും
തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പണിമുടക്കും. ദിവസ വേതനം 800ൽ നിന്ന് 1500 രൂപയാക്കണമെന്നാണ് നഴ്‌സസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. അതേസമയം, വേതനം വർധിപ്പിച്ച ആറ് സ്വകാര്യ ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.
ജില്ലയിലെ 24 ആശുപത്രികളിലാണ് പണിമുടക്ക്. വര്‍ധിപ്പിക്കുന്ന വേതനത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കണമെന്നും ആവശ്യമുണ്ട്. തീവ്രപരിചരണ വിഭാഗത്തിലും നഴ്സുമാർ ജോലിയ്ക്ക് കയറില്ല. അടിയന്തര ചികിത്സയ്ക്കു രോഗികളെ മറ്റു ആശുപത്രികളില്‍ എത്തിക്കാന്‍ ആശുപത്രി കവാടത്തില്‍ യുഎന്‍എയുടെ അംഗങ്ങള്‍ ആംബുലന്‍സുമായി നിലയുറപ്പിക്കും. സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് തുടങ്ങി.
വെന്റിലേറ്റര്‍, ഐസിയു രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് അയൽ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിർദേശം. അതേസമയം നഴ്സുമാരുടെ സമരത്തില്‍ നിന്ന് ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി. അമല, ജൂബിലി മിഷന്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍, മലങ്കര മിഷന്‍ ആശുപത്രികൾ വേതനം വര്‍ധിപ്പിച്ചതോടെയാണിത്. ഈ ആശുപത്രികളില്‍ 50% ഇടക്കാലാശ്വാസം നല്‍കാന്‍ ധാരണയായി.