എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; പ്രതി എടിഎസിന്റെ കസ്റ്റഡിയില്‍ ഇല്ലെന്ന് ഐജി പി.വിജയന്‍
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി ആക്രമണം നടത്തിയ കേസില്‍ പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി എ.വിജയന്‍. പ്രതി എടിഎസിന്റെ കസ്റ്റിഡിയില്‍ ഇല്ലെന്ന് ഐജി വ്യക്തമാക്കി. കേസില്‍ 18 അംഗ പ്രത്യേക സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമന്‍ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിന്റെ കോച്ചുകളില്‍ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടൂവ് ട്രെയിനിന്റെ ഡി1, ഡി2 കോച്ചുകളിലാണ് പരിശോധന. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാറ്റിയിട്ട ബോഗികളിാണ് ഫൊറന്‍സിക് പരിശോധന.
കേസില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് നോയിഡ സ്വദേശിയാണ് പ്രതിയെന്ന സൂചന പൊലീസ് പുറത്തുവിടുന്നത്.
പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു.