ഏത് ഗോവിന്ദന്‍ വന്നാലും വേണ്ടില്ല, നിങ്ങളെനിക്ക് തൃശൂര്‍ തരണം; തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന് സുരേഷ് ഗോപി
തൃശൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി നടനും മുന്‍ ബിജെപി എംപിയുമായി സുരേഷ് ഗോപി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ‘തൃശൂര്‍ എനിക്ക് വേണം ഈ തൃശൂര്‍ നിങ്ങളെനിക്ക് തരണ’മെന്നത്. ഏത് ഗോവിന്ദന്‍ വന്നാലും ഇനിയും തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു. തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂരിലായാലും മത്സരിക്കാന്‍ തയ്യാറാണ്. 2024ല്‍ ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു
‘ഞാന്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവാക്കി നിയോഗിച്ചിട്ടുള്ള അന്തം കമ്മി ചൊറിയന്‍ മാക്രി കൂട്ടങ്ങള്‍ക്കുവേണ്ടിയാണ്.അവര്‍ വന്ന് ട്രോളട്ടേ. തൃശൂര്‍ ഇങ്ങെടുക്കട്ടെ എന്ന ആ മൂന്ന് വരികള്‍ ജനപ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ജീവിതത്തിലേക്ക് വലിയ മോഹശിലയാണ് തന്നത്. നിങ്ങള്‍ ഇനിയും വളര്‍ത്തൂ. ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല.’. സുരേഷ് ഗോപി പറഞ്ഞു.
അടുത്തിടെ അവിശ്വാസികളുടെ നാശത്തിനായി പ്രാര്‍ത്ഥിക്കുമെന്ന തന്റെ പ്രസ്താവനയിലും സുരേഷ് ഗോപി പ്രതികരിച്ചു. ദൈവത്തിലും പ്രാര്‍ത്ഥനയിലും വിശ്വാസമില്ലാത്ത വിശ്വാസികളുടെ ചട്ടയെടുത്തണിഞ്ഞവരെയാണ് താന്‍ ശപിക്കുമെന്ന് പറഞ്ഞത്. നിരീശ്വരവാദികളെയോ അല്ലെങ്കില്‍ അവിശ്വാസികളേയോ അല്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.