തെരുവുനായ്ക്കളുടെ ആക്രമണം; ഡല്‍ഹിയില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഡല്‍ഹിയില്‍ സഹോദരന്മാരായ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വസന്ത്കുഞ്ചിനടുത്തുള്ള ജുഗ്ഗിയിലെ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്.
വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് കുട്ടികള്‍ക്കും തെരുവുനായയുടെ കടിയേറ്റത്. മാര്‍ച്ച് 10ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ആനന്ദിനെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ നായയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു.
രണ്ട് ദിവസത്തിന് ശേഷമായിരുന്നു സഹോദരന്‍ ആദിത്യയെ കാണാതായതും അടുത്തുള്ള വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നതും. ബന്ധുവായ യുവാവിനൊപ്പം കാട്ടിനടുത്തേക്ക് പോയപ്പോഴാണ് കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്. ഇവര്‍ താമസിക്കുന്ന ജുഗ്ഗി എന്ന പ്രദേശം വനമേഖലയോട് ചേര്‍ന്നാണെന്നും വന്യമൃഗങ്ങളെ പിടികൂടാന്‍ ഇവിടെ നായ്ക്കള്‍ കൂട്ടമായി എത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.