കുടി വെള്ളപദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി എത്തി, കമ്യൂണിറ്റി സെന്റർ എന്ന ഉറപ്പുമായി മടങ്ങി; ഇടമലക്കുടി സന്ദർശിച്ച് സുരേഷ് ഗോപി
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ സന്ദർശനം നടത്തി മുൻ എം പി സുരേഷ് ഗോപി. രാവിലെയോടെയായിരുന്നു അദ്ദേഹം ഗ്രാമത്തിലെത്തിയത്. ഗ്രാമനിവാസികൾക്കായി മകളുടെ ട്രസ്റ്റിൽ നിന്നുള്ള പണം ചിലവിട്ട് സുരേഷ് ഗോപി കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം ഇടമലക്കുടിയിൽ എത്തിയത്.
കഴിഞ്ഞ ജനുവരിയിൽ ഇടമലക്കുടിയിലെ ശുദ്ധജലപ്രശ്നം പരിഹരിക്കുന്നതിനായി തന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് 7 ലക്ഷം രൂപ സുരേഷ് ഗോപി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് 3 കിലോമീറ്റർ അകലെ നിന്ന് ഇഡ്ഡലിപ്പാറക്കുടിയിലേക്കു വെള്ളം എത്തിക്കുകയായിരുന്നു. ഭൂമിയെ കൊള്ളയടിക്കുന്നവരാരും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ജനനവിഭാഗത്തിന് വേണ്ടി ശബ്ദക്കുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ഇതിന് ശേഷമായിരുന്നു അദ്ദേഹം ഗ്രാമത്തിൽ എത്തിയത്. ഊരുവാസികൾ ചേർന്ന് സുരേഷ് ഗോപിയെ കിരീടവും, ഷാളും അണിയിച്ച് സ്വീകരിച്ചു. ഗ്രാമനിവാസികളുമായി സംവദിച്ച സുരേഷ് ഗോപി അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. ശോചനീയാവസ്ഥയിൽ നിൽക്കുന്ന കമ്യൂണിറ്റി സെന്റർ പുനർനിർമ്മിച്ച് കൊടുക്കാമെന്ന് ഊരുനിവാസികൾക്ക് ഉറപ്പ് നൽകിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.