Wednesday, January 8, 2025
Kerala

കോന്നി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി; ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങുമെന്ന് മന്ത്രി

പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി ലഭിച്ചു. 100 സീറ്റുകളാണ് അനുവദിച്ചത്. ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോജ് ഡല്‍ഹിയില്‍ പറഞ്ഞു. ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്കായി ഈ വര്‍ഷം 200 അധിക സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിച്ചു.

പാരിപ്പള്ളിയിലും മഞ്ചേരിയിലും നേഴ്‌സിംഗ് കോളേജിനും അനുമതി ലഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ടവ്യയുമായി വീണാ ജോര്‍ജ് ഇന്ന് ഡല്‍ഹിയില്‍ കൂടി കാഴ്ച നടത്തും. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
സര്‍ക്കാരിനെയും സംസ്ഥാനത്തെയും സംബന്ധിച്ച് ആരോഗ്യമേഖലയിലെ വലിയ നേട്ടമായാണ് കണക്കാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം ചേര്‍ന്ന് ഏകോപിപ്പിച്ചിരുന്നു. -250 കോടി രൂപയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുകയും ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആശുപത്രി വികസന സമിതി രൂപീകരിക്കുകയും ചെയ്തു.

ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ബുക്കുകള്‍, ക്ലാസ് റൂം, ലേബര്‍റൂം, ബ്ലെഡ് ബാങ്ക്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും പ്രത്യേകമായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്റേണല്‍ റോഡ്, എസ്.ടി.പി., പ്രവേശന കവാടം മുതലായവ നിര്‍മ്മിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *