Thursday, January 9, 2025
Kerala

‘പ്രതിരോധ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ ജോലി കാണില്ല’; തൊഴിലാളികളെ ഭീഷണിപ്പെടുത്തി കൈനകരി നോർത്ത് ലോക്കൽ സെക്രട്ടറി

ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ കുട്ടനാട്ടിലും ഭീഷണി. ജാഥയ്ക്ക് എത്തിയില്ലെങ്കിൽ ജോലിയുണ്ടാവില്ല എന്ന് കൈനകരി ലോക്കൽ സെക്രട്ടറി ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കായൽ മേഖലയിൽ നെല്ല് ചുമക്കുന്ന തൊഴിലാളികൾക്കാണ് മുന്നറിയിപ്പ്.

സിഐടിയു അംഗങ്ങളല്ലാത്തവരും ജാഥയ്ക്ക് എത്താനാണ് നിർദ്ദേശം. ചുമട്ടുകാരായ172 തൊഴിലാളികളും ജാഥയ്ക്കെത്തണമെന്ന് ലോക്കൽ സെക്രട്ടറി പറയുന്നു. ഇവരിൽ പകുതിപ്പേരും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗങ്ങളല്ല. അസൗകര്യം പറഞ്ഞ തൊഴിലാളിയോട് ജോലിയുണ്ടാവില്ലെന്ന് കൈനകരി നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി പറയുന്നുണ്ട്. ജാഥയ്ക്കെത്തിയവർ ഹാജർ രേഖപ്പെടുത്തണന്നും തൊഴിലാളികളോട് പറയുന്നുണ്ട്.

ഇന്ന് ഉച്ചകഴിഞ്ഞാണ് എംവി ഗോവിന്ദൻ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്.

സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ പ്രവർത്തകർക്ക് ഭീഷണിയുമായി വാർഡ്‌മെമ്പർ ഇന്നലെ രംഗത്തുവന്നിരുന്നു. മന്ത്രിമാർ പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചടങ്ങിന് കുടുംബശ്രീയിലെ പ്രവർത്തകർ എത്തിയില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന് കുടുംബശ്രീ വാട്സ്ആപ്പ് ഗ്രൂപ്പിൽ വാർഡ് മെമ്പർ സന്ദേശം അയച്ചതാണ് ചർച്ചയായത്.

തിരുവനന്തപുരം ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പർ ഷീജയാണ് ഭീഷണി സന്ദേശം അയച്ചത്. സിപിഐയുട പ്രാദേശിക നേതാവാണ് ഷീജ. കുടുംബശ്രീ യോഗങ്ങൾ മാറ്റിവെച്ച് ചടങ്ങിന് എത്തണമെന്നും ഇല്ലെങ്കിൽ 100 രൂപ ഫൈൻ ഈടാക്കുമെന്നും സന്ദേശം. മാർച്ച് 12 ഞായറാഴ്ചയാണ് മന്ത്രിമാരായ മുഹമ്മദ് റിയാസും ജി. ആർ അനിലും പങ്കെടുക്കുന്ന പാലം ഉദ്ഘാടന ചടങ്ങ്.

നമ്മുടെ വാർഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. അതിനാൽ, വരുന്ന ഞായറാഴ്ച ഒരിടത്തും കുടുംബശ്രീ യോഗങ്ങൾ ചേരേണ്ടതില്ല. എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ യോഗങ്ങൾ ശനിയാഴ്ച ചേരണമെന്നും കുടുംബ ശ്രീ ഗ്രൂപ്പിലേക്ക് അയച്ച വോയിസ് കുറിപ്പിൽ വാർഡ് മെമ്പർ വ്യക്തമാക്കുന്നു. എല്ലാ കുടുംബശ്രീയിൽ നിന്നും എല്ലാ അംഗങ്ങളും നിർബന്ധമായും ഉദ്‌ഘാടനത്തിന് ഒരു മണിക്കൂർ എത്തിച്ചേരണം. വരാത്തവരിൽ നിന്ന് നൂറ് രൂപ വെച്ച ഫൈൻ ഈടാക്കുമെന്നും ഷീജ വ്യക്തമാക്കുന്നു.

പരിപാടിക്ക് ആളെകൂട്ടുക എന്ന ലക്ഷ്യം വെച്ചാണ് കുടുംബശ്രീ പ്രവർത്തകർക്ക് ഷീജയുടെ ഭീഷണി സന്ദേശം. എന്നാൽ, ഒരു ദിവസം കുടുംബശ്രീ യോഗത്തിന് എത്തിയില്ലെങ്കിൽ ഫൈൻ ഈടാക്കുന്ന സംമ്പ്രദായം ഉണ്ടെന്നും അതാണ് താൻ തമാശക്ക് ഉദ്ദേശിച്ചതെന്നും ഷീജ പറഞ്ഞു. അത് ഗൗരവമായി എടുക്കേണ്ടതില്ല എന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *