ബ്രഹ്മപുരം തീപിടുത്തം: ആരോഗ്യ സർവേ ചൊവ്വാഴ്ച മുതൽ
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പടർന്ന സാഹചര്യത്തിൽ കൊച്ചിയിൽ ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ ആരംഭിക്കും. പ്ലാന്റിന് നിന്നുള്ള തീയും പുകയും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ, പ്ലാന്റിന്റെ 90% സ്ഥലത്തെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. പുക രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും നിയന്ത്രണ വിധേയം ആക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യ സർവേയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഹൈക്കോടതി നിർദേശിച്ച പ്രത്യേക സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വിശദമായ റിപ്പോർട്ട് സമിതി ഹൈക്കോടതിക്ക് കൈമാറും. അതിനിടെ നഗരത്തിലെ മാലിന്യ നീക്കവും പുനരാരംഭിച്ചിട്ടുണ്ട്.
ബ്രഹ്‌മപുരത്തെ വിഷപ്പുക ശമിക്കാതെ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചിട്ടുണ്ട്. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ വളരെയേറെ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.